ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ഇരവിപേരൂര്‍ പഞ്ചായത്ത് പണ്ട് ഇരവിപുരം ആയിരുന്നതായി പറയപ്പെടുന്നു. എ.ഡി.10-ാം നൂറ്റാണ്ടിനുമുമ്പ് പാഴൂര്‍ രാജവംശം എന്ന രാജകുടുംബവും പത്തോളം ബ്രാഹ്മണ ഇല്ലങ്ങളും ഇവിടെ പ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നതായാണ് ഐതിഹ്യം. പാഴൂര്‍ രാജവംശത്തിലെ കീര്‍ത്തിമാനായ ഇരവി രാജാവിന്റെ കാലത്താണ് ഈ സ്ഥലത്തിന് ഇരവിപുരം എന്ന പേരുണ്ടായത്. പില്ക്കാലത്ത് ഇരവിപുരം ആണ് ഇരവിപേരൂര്‍ എന്നായി മാറിയത്. ഏ.ഡി പന്ത്രണ്ടാം നൂറ്റാണ്ടില്‍ പാഴൂര്‍ രാജവംശം മൂവാറ്റുപുഴ താലൂക്കില്‍ കുടിയേറി പാര്‍ത്തതായി പറയപ്പെടുന്നു. ചിങ്ങമാസത്തിലെ പൂരാടം നാളില്‍ പൂരാടധര്‍മ്മം (പൂരാടം കൊടുക്കല്‍) ഈ പ്രദേശത്ത് ഇന്നും ആചരിച്ചുവരുന്നു. പാഴൂര്‍ മനയുടെ വടക്കു വശം കോയിക്കല്‍ തമ്പുരാന്റെ വക വസ്തുക്കള്‍ ആയിരുന്നു. കോയിക്കല്‍ തമ്പുരാന്റെ ആരാധന മൂര്‍ത്തിയായ പരമ ശിവന്റെ നാമത്തില്‍ പണി കഴിപ്പിച്ച ക്ഷേത്രം ആണ് മേത്യക്കോവില്‍ ക്ഷേത്രം. ആറ്റുതീരത്ത് താമസിച്ചിരുന്ന സ്ത്രീകള്‍ വിറക് ശേഖരിക്കാനായി ആറ്റില്‍ നിന്നു തടി പിടിച്ചു കയറ്റിയപ്പോള്‍ തടിയില്‍ ഒരു ബാലസുബ്രഹ്മണ്യന്റെ രൂപം കണ്ടു എന്നും ആ സ്ഥലത്ത് സുബ്രഹ്മണ്യന്റെ ക്ഷേത്രം പണിതു എന്നും അങ്ങനെ പൂവപ്പുഴ ക്ഷേത്രം ഉണ്ടായി എന്നുമാണ് ഐതിഹ്യം. ടിപ്പുവിന്റെ പടയോട്ടകാലത്ത് ആലത്തൂര്‍ മാമ്പറ്റ ഇല്ലവും മറ്റ് ഒന്‍പത് വിഭാഗങ്ങളും തെക്കന്‍ മലബാറില്‍ പലായനം ചെയ്ത് ഓതറ പുതുക്കുളങ്ങര എത്തി താമസം ആരംഭിച്ചു എന്നതിനുള്ള തെളിവ് ചെപ്പേട് പന്നിവിഴ ഓതറ കളരിയില്‍ ഉണ്ടായിരുന്നു.മാമ്പറ്റ ഇല്ലത്തോടൊപ്പം ഇടശ്ശേരി നായന്മാര്‍, വെളുത്തേടത്ത് നായര്‍, ഗണക, ക്ഷുരക സമുദായങ്ങള്‍ കണക്കെഴുത്തുപിള്ള തുടങ്ങിയവരും വന്നിരുന്നുവത്രെ. വടക്കുനിന്നുവന്നവര്‍ വിശ്രമത്തിനായി നോക്കുമ്പോള്‍ തറ കണ്ടുവെന്നും ഓം തറ എന്നു പറഞ്ഞുവെന്നും അങ്ങനെ ഓതറ എന്ന പേരുണ്ടായി എന്നും പറയപ്പെടുന്നു. പുതുക്കുളങ്ങര ക്ഷേത്രത്തിലെ പടയണി വളരെ പ്രസിദ്ധമാണ്. 10001 പാളിയില്‍ എഴുതിത്തീര്‍ക്കുന്ന അതിമനോഹരമായ ഭൈരവി കോലം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിദേശങ്ങളില്‍ നിന്നും ഉള്ള ആളുകളെ ഉത്സവ ദിവസങ്ങളില്‍ ഇവിടേക്ക് ആകര്‍ഷിക്കുന്നു. പഞ്ചായത്തിന്റെ തെക്കുപടിഞ്ഞാറുഭാഗം തിരുവാമനപുരം എന്ന സ്ഥലമാണ്. ഇവിടെ അതിപ്രശസ്തമായ ഒരു വൈഷ്ണവക്ഷേത്രം ഉണ്ടായിരുന്നതായി കരുതപ്പെടുന്നു. ശ്രീ വാമനപുരം ആണ് തിരുവാമനപുരം ആയത് എന്നാണ് ഐതിഹ്യം. ചെങ്ങന്നൂര്‍ ക്ഷേത്രത്തിലെ 281/2 ദേവന്മാരില്‍ അരദേവന്‍ ശ്രീവാമനനാണെന്നും, വാമനന്റെ പുരം എന്ന നിലയ്ക്ക് തിരുവാമനപുരം എന്ന് പേരുണ്ടായി എന്നും പറയപ്പെടുന്നു. അന്യാദൃശ്യമായ വട്ടശ്രീകോവില്‍ ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയായി കണക്കാക്കപ്പെട്ടിരുന്നു. ക്ഷേത്രാവശിഷ്ടങ്ങളായ വന്‍ ഒറ്റക്കല്ലുകള്‍ ഇപ്പോഴും ഇവിടെ കാണപ്പെടുന്നു. തിരുവാമനപുരം പാലത്തിന്റെ പടിഞ്ഞാറുവശം തുരുത്തിയാണ്. തുരുത്ത് ആയിരുന്നതുകൊണ്ട് തുരുത്തി എന്നുപേരുണ്ടായി. ഇരവിപേരൂര്‍ പഞ്ചായത്തിന്റെ വടക്കു പടിഞ്ഞാറായിട്ടാണ് വള്ളംകുളം ഗ്രാമം. നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതുകൊണ്ട് വെള്ളംകുളം എന്നും പിന്നീട് അത് വള്ളംകുളം എന്നായി എന്നും വിശ്വസിക്കപ്പെടുന്നു. തിരുവാറന്മുള ഭഗവാന്റെ പ്രസിദ്ധമായ ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്ന പള്ളിയോടം ഈ കരയ്ക്ക് ഉണ്ടായിരുന്നു. ദേശവാസികള്‍ക്ക് ഐശ്വര്യവും അനുഗ്രഹവും സമാധാനവും നല്‍കിക്കൊണ്ട് നന്നൂര്‍ ഭഗവതിക്ഷേത്രം സ്ഥിതി ചെയ്യുന്നു. മദ്ധ്യതിരുവിതാംകൂറിലെ പ്രസിദ്ധമായ ഒരു ശിവക്ഷേത്രമാണ് പുത്തന്‍കാവുമല മഹാദേവക്ഷേത്രം. ക്ഷേത്രം നില്ക്കുന്ന സ്ഥലം എന്ന നിലയ്ക്ക് പുത്തന്‍കാവുമല എന്ന് ഈ സ്ഥലത്തിന് പേരുണ്ടായി എന്നു പറയപ്പെടുന്നു. 1893 നവംബര്‍ 2-ാം തീയതി ആരംഭിച്ച ഏറ്റവും പുരാതനമായ ക്രൈസ്തവദേവാലയമാണ് ഇരവിപേരൂര്‍ സെന്റ്മേരീസ് ക്നാനായ പള്ളി. സ്വന്തമായ സാമൂഹ്യാചാരങ്ങളും സാമൂഹ്യ വ്യക്തിത്വവും പുലര്‍ത്തുന്ന ഒരു ജനവിഭാഗമാണ് ക്നാനായക്കാര്‍. ഓതറയിലുള്ള ക്നാനായ സഭയുടെ നസ്രേത്ത് ആശ്രമം തൊഴിലധിഷ്ഠിത വിദ്യാഭ്യാസം, സാധുക്കളായ കുട്ടികളെ എടുത്തു വളര്‍ത്തുക, ഫാമിലി കൌണ്‍സിലിംഗ് തുടങ്ങിയ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. കൂടാതെ ക്നാനായ സഭയുടെ നാല് പള്ളികള്‍ ഈ പഞ്ചായത്തിലുണ്ട്. ഇരവി എന്നു പേരായ ഊരില്‍ പരിലസിക്കുന്ന ദേവാലയമാണ് ഇമ്മാനുവേല്‍ മാര്‍ത്തോമ്മാ പള്ളി. ഈ ദേവാലയം മാര്‍ത്തോമ്മാ സഭയുടെ ചരിത്രത്തില്‍ ഉന്നതമായ സ്ഥാനം അര്‍ഹിക്കുന്നു. 100 വര്‍ഷത്തിലേറെ പിന്നിട്ട ഓതറ എബനേസര്‍ മാര്‍ത്തോമ ദേവാലയവും മാര്‍ത്തോമ്മാ സഭയുടെ പ്രധാന ദേവാലയങ്ങളിലൊന്നാണ്. ഇവ കൂടാതെ മാര്‍ത്തോമാ സഭയുടെ 4 ദേവാലയങ്ങള്‍ കൂടി ഈ പഞ്ചായത്തിലുണ്ട്. ഓര്‍ത്തഡോക്സ് സഭയുടെ അഞ്ചുപള്ളികളും ഒരു സന്യാസിനി മഠവും ഇവിടെ ഉണ്ട്. സി എസ് ഐ സഭയുടെ മൂന്നു ദേവാലയങ്ങള്‍ മലങ്കര റീത്തിന്റെ 2 പള്ളികള്‍, പെന്തക്കോസ്തു സഭയുടെയും, രക്ഷാസൈന്യത്തിന്റെയും വിശ്വാസ മന്ദിരങ്ങള്‍, എസ്.എന്‍.ഡി.പി യുടെ രണ്ടു ഗുരുമന്ദിരങ്ങള്‍, ഓതറ ശുഭാനന്ദാശ്രമം തുടങ്ങിയ അസംഖ്യം ആരാധനാലയങ്ങള്‍ ഈ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനില്ക്കുന്നു. പ്രത്യക്ഷ രക്ഷാ ദൈവസഭയുടെ (പി.ആര്‍.ഡി.എസ്) ആസ്ഥാനം ഇരവിപേരൂരിലാണ്.. കേന്ദ്രസര്‍ക്കാരിന്റെ താമ്രപത്രം നേടിയ ഇരവിപേരൂര്‍ കാട്ടോലില്‍ റ്റി വി രാഘവന്‍പിള്ള, ചിറത്തലയ്ക്കല്‍ സി പി വറുഗീസ് എന്നിവരും മഠത്തിങ്കല്‍ എം റ്റി ജോസഫ്, ഇടയ്ക്കാമണ്ണില് പറമ്പില്‍ ഇ കെ കുരുവിള, വട്ടംപറമ്പില്‍ പി വി ചെറിയാന്‍, വടക്കും മുറിയില്‍ വി സി ഏബ്രഹാം, ആന്റണി ജെ കടവില്‍, കെ സി ഉമ്മന്‍ കാറ്റാനശ്ശേരില്‍ തുടങ്ങിയവരും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തവരാണ്. പനോടില്‍ അന്നമ്മ, പടിപ്പുരയ്ക്കല്‍ പെണ്ണമ്മ, മുടപ്പിലാങ്ങല്‍ സരോജിനിയമ്മ തുടങ്ങിയ വനിതകളും സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തിട്ടുള്ളവരാണ്. ഉയര്‍ന്ന സാക്ഷരതയും, സാമുദായിക ഐക്യവും പഞ്ചായത്തിന്റെ വളര്‍ച്ചയുടെ മകുടോദാഹരണങ്ങളായി ശോഭിയ്ക്കുന്നു. നന്നൂര്‍ എസ് എസ് എല്‍ ലൈബ്രറി, വള്ളംകുളം സി എന്‍ പി പിള്ള മെമ്മോറിയല്‍ വൈ എം എ, ഇരവിപേരൂര്‍ വൈ എം സി എ, ഓതറ വൈ എം സി എ, വൈസ് മെന്‍സ് ക്ളബ്, കെ പി എം എസ് ലൈബ്രറി, വിവിധ കലാ-കായിക സംഘടനകള്‍, ഓതറ അനശ്വര വായനശാല തുടങ്ങിയവ ഈ രംഗത്ത് പ്രശംസനീയമായ സംഭാവന നല്‍കിവരുന്നു.